We are ready to fight

27-06-2017
June 27, 2017
POST 2
28-06-2017
June 28, 2017

We are ready to fight

HS 2
hs 3

സര്‍ക്കാരിനു നമ്മള്‍ നല്‍കിയ അവസാന അവധിയും കഴിഞ്ഞു. ഇന്നത്തെ ചര്‍ച്ചയും തീരുമാനമാവാതെ പിരിഞ്ഞതോടുകൂടി കേരളത്തിലെ ഓരോ നഴ്സുമാര്‍ക്കും ഭരണകൂടത്തോടുണ്ടായിരുന്ന വിശ്വാസമാണ് നഷ്ടമായിരിക്കുന്നത്. ഇനി മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകുമെന്ന വാക്കില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. പതിവുപോലെ മന്ത്രിയുടെ യോഗം നീട്ടി വെപ്പിച്ചു മാനേജ്മെന്‍റ് ഈ സമരത്തെയും തകർക്കാനുള്ള നീക്കമായിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ സമരവുമായി മുന്നോട്ടു പോകാനാണ്‌ INAയുടെ തീരുമാനം. ഇനിയും ഞങ്ങള്‍ മിണ്ടാതെയിരുന്നാല്‍ KPHA പോലുള്ള സംഘടനകള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ അത് സഹായകമാകും. മാലാഖ എന്ന വിളിപ്പേരും സേവനമെന്ന മുഖമുദ്രയും കാലങ്ങളായി തുടർന്നു വരുന്ന അടിമത്തത്തിനുള്ള ഒരു മൂടുപടമായിരിക്കുകയാണ് ഇന്ന്. മുതലാളിത്ത മേലാളൻമാർ ഈ സാഹചര്യം വളരെ മനോഹരമായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഈ ഭൂമിയിൽ നഴ്സുമാർ മാലാഖമാരായി സമൂഹത്തിലുണ്ടാവേണ്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നത് ശരിയാണ്. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വലുതായിരുന്ന ഒരു കാലം. കീഴാളൻമാരും മേലാളൻമാരും യുഗയുഗാന്തരങ്ങൾ വ്യത്യാസമുള്ള കാലം. യുദ്ധങ്ങൾ കൊണ്ടും പകർച്ചവ്യാധികളും കൊണ്ട് ലോകം കഷ്ടപ്പെട്ടിരുന്ന ഒരു കാലം. സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്ക് മികച്ചത് പോയിട്ട് അടിസ്ഥാന ചികിൽസകൾ പോലും നിഷേധിക്കപ്പെട്ടിരുന്ന കാലം. അന്ന് ഞങ്ങളുടെ പൂർവ്വികർ മാലാഖമാരായി സമൂഹത്തിലേക്കിറങ്ങി സേവനം ചെയ്തു. പക്ഷെ ഇന്ന് കാലം പുരോഗമിച്ചു. ഭൂരിപക്ഷം ജനങ്ങളുടെയും ജീവിത സാഹചര്യം മെച്ചപ്പെട്ടു. മികച്ച ചികിൽസാ സൗകര്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ഗവൺമെന്റ് ആശുപത്രികളിൽ അല്ലെങ്കിൽ പ്രൈവറ്റ് ആശുപത്രികളിൽ ലഭ്യമാണ്. ഈ സാഹചര്യത്തിൽ നഴ്സുമാർ ആർക്കാണ് സേവനം ചെയ്യേണ്ടത്.
ലാഭക്കൊതിയൻമാരായ ആശുപത്രി മുതലാളിമാർക്കോ..? സേവനത്തിന്റെ പേരു പറഞ്ഞ് സ്വന്തം ആർഭാടങ്ങൾ വികസിപ്പിക്കുന്ന മത മേലാളൻമാർക്കോ? സമൂഹത്തിനെ ഉദ്ധരിക്കാൻ വേണ്ടി ഏതെങ്കിലും പ്രൈവറ്റ് ആശുപത്രികൾ ഇന്ന് നടത്തപ്പെടുന്നുണ്ടോ..? ഇനി അഥവാ ഒരു രോഗിക്ക് എന്തെങ്കിലും ഇളവ് നൽകിയാൽ അടുത്ത രോഗിയിൽ നിന്ന്‌ ആ ഇളവ് ഈടാക്കാതെ നഷ്ടം സഹിക്കാറുണ്ടോ..? കൊട്ടിഘോഷിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പുകളും, ഫ്രീ ചെക്കപ്പുകളും സ്ഥാപനത്തിന്റെ പബ്ലിസിറ്റിക്കും, ആളുകളെ അങ്ങോട്ട്‌ ആകർശിക്കാനുമല്ലാതെ സേവനത്തിന് വേണ്ടി മാത്രം നടത്താറുണ്ടോ..? അപ്പോൾ ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാർ ആർക്കാണ് സേവനം ചെയ്യേണ്ടത്. പാവപ്പെട്ട ആശുപത്രി മുതലാളിമാർക്ക് ആഡംബര വാഹനങ്ങൾ വാങ്ങാനും, വിദേശയാത്രകൾ നടത്താനും, ബംഗ്ലാവുകൾ പടുത്തുയർത്താനും, പുതിയ ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങാനുമുള്ള രസീതു കുറ്റിയുമായി പിരിവിനിറങ്ങുന്ന കുറ്റിപ്പിരിവുകാരല്ല നഴ്സുമാർ.
സാമൂഹ്യ സേവനം നടത്തേണ്ട രാഷ്ട്രീയക്കാർ കീശ വീർപ്പിക്കുമ്പോഴും, ജനസേവനം നടത്തേണ്ട ഉദ്യോഗസ്ഥർ ജനദ്രോഹം നടത്തുമ്പോഴും, ആരോഗ്യ സേവനം നടത്തേണ്ട ഭിഷഗ്വരൻമാർ രോഗികളെ പിഴിഞ്ഞൂറ്റുമ്പോഴും, മാലാഖമാർ ദൈവകൃപ മാത്രം പ്രതീക്ഷിച്ച് സേവനം തുടരണമെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്. നഴ്സിംഗ് എന്ന് പറയുന്നത് ഒരു വിദ്യാഭ്യാസവുമില്ലാതെ മറ്റൊരു പണിയും കിട്ടാതെ നിൽക്കുന്നവർക്ക് ഓടിച്ചെന്ന് ചെയ്യാവുന്ന ജോലിയല്ല. പ്ലസ്ടു വരെ പഠിച്ച് നല്ല മാർക്ക് നേടി, പിന്നീടുള്ള നാല് വർഷം വളരെ ബുദ്ധിമുട്ടേറിയ കരിക്കുലവും പഠിച്ചിട്ടാണ് ഈ പണിക്കിറങ്ങുന്നത്. ചാരിറ്റിയുടെ പേരു പറയുന്ന ആശുപത്രികൾ പോലും ആരെയും വെറുതെ പഠിപ്പിക്കുന്നില്ല. ലക്ഷങ്ങളാണ് എല്ലാവരും ഫീസായി വാങ്ങുന്നത്. ഇത്രയൊക്കെ ചെയ്ത് ജോലിക്ക് കയറുന്നത് ആശുപത്രി മുതലാളിമാർക്ക് ക്ഷൗരം ചെയ്യാനല്ല. ഞങ്ങളുടെ കുടുംബത്തിനും കൂടി മികച്ച ജീവിത സാഹചര്യമുണ്ടാക്കാനാണ്. ഈ ഒരു സാഹചര്യം സംജാതമാവാത്തത് കൊണ്ടാണ് നഴ്സുമാർ ഇപ്പോൾ സമര മുഖത്തേക്കിറങ്ങുന്നത്.
മറ്റേതൊരു തൊഴിലിനേയും പോലെ മാന്യമായ വേതനം ലഭിക്കുന്ന തൊഴിലായി ഇത്‌ മാറണം. ഇതുവരെ ചക്കരക്കുടത്തിൽ വിരലിട്ട് നക്കിയിരുന്ന മുതലാളിമാർക്ക് ഇത് സഹിക്കില്ല. അവർ ഈ പ്രക്ഷോഭത്തെ തകർക്കുവാൻ സകല വഴികളും നോക്കും. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് പോലുള്ള അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി സമരം നടത്തുമ്പോൾ അതിനെ തോല്‍പ്പിക്കാന്‍ ആരും ഉണ്ടാവാറില്ലല്ലോ. പിന്നെ നഴ്‌സുമാരുടെ നിലനിൽപിന് വേണ്ടിയുള്ള സമരത്തിൽ മാത്രം അടിച്ചമര്‍ത്തലുകള്‍ എന്തിന്. പ്രിയപ്പെട്ട നഴ്സിംഗ് സുഹൃത്തുക്കൾ പതറരുത്. നമ്മള്‍ തീരുമാനിച്ചപോലെതന്നെ നാളെ തുടങ്ങുന്ന അനിശ്ചിതകാല നിരാഹാരസമരവും മറ്റന്നാള്‍ തുടങ്ങുന്ന പണിമുടക്കും ശക്തമായ രീതിയില്‍ തന്നെ നമുക്ക് മുന്നോട്ടു കൊണ്ടുപോകാം. ഇനിയും തീരുമാനം വൈകിപ്പിച്ചാല്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രക്ഷോഭ സമരങ്ങള്‍ ആയിരിക്കും ഉണ്ടാകുക.

No votes yet.
Please wait...

Leave a Reply

Your email address will not be published. Required fields are marked *